Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
എയ്‌ഡഡ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ ലഭിക്കുന്നതു 320-600 കോടി!
തിരുവനന്തപുരം: വിദ്യാഭ്യാസ പാക്കേജ്‌ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക്‌ ഒറ്റവര്‍ഷം ലഭിക്കുന്നതു 320-600 കോടി രൂപ.

അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കുന്നതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന അധ്യാപകതസ്‌തികകളിലെ നിയമനം മാനേജ്‌മെന്റുകള്‍ക്ക്‌ അടിയറ വച്ചതിലൂടെയാണിത്‌. ഭാവിയിലുണ്ടാകുന്ന വിരമിക്കല്‍ ഒഴിവുകള്‍ നികത്തുമ്പോള്‍ ലഭിക്കുന്ന കോഴ വേറേയും.

അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ല്‍നിന്ന്‌ 1:30 ആയും 1:35 ആയും കുറയ്‌ക്കുമ്പോള്‍ 5500 അധ്യാപക തസ്‌തികകളാണു സൃഷ്‌ടിക്കപ്പെടുക. ഇവയില്‍ മുമ്പ്‌ തൊഴില്‍ നഷ്‌ടപ്പെട്ടവരേയും സംരക്ഷിത അധ്യാപകരേയും നിയമിക്കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞിരുന്നത്‌. പുതിയ തീരുമാനപ്രകാരം ഒരു എയ്‌ഡഡ്‌ സ്‌കൂളില്‍ എത്ര ഒഴിവുണ്ടായാലും ഇങ്ങനെയുള്ള ഒരധ്യാപകനെ നിയമിച്ചാല്‍ മതി. ബാക്കി ഒഴിവുകളില്‍ മാനേജര്‍മാര്‍ക്കു നിയമനം നടത്താം. 

ഇതിലൂടെ നാലായിരത്തോളം അധ്യാപകതസ്‌തികകളിലെ നിയമനമാണു മാനേജര്‍മാര്‍ക്കു കോഴ വാങ്ങി നടത്താന്‍ കഴിയുക. പരമാവധി ആയിരത്തോളം ഒഴിവുകളില്‍ മാത്രമാണു തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകര്‍ക്കും സംരക്ഷിത അധ്യാപകര്‍ക്കും തൊഴില്‍ ലഭിക്കുക. ഒരു നിയമനത്തിന്‌ 8-15 ലക്ഷം വരെയാണു കോഴ. ഇതനുസരിച്ചു നാലായിരത്തോളം ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്കു ലഭിക്കുന്ന കോഴ ഏറ്റവും കുറഞ്ഞതു 320-600 കോടി രൂപ! ആവശ്യക്കാര്‍ കൂടുന്നതനുസരിച്ചു കോഴ ഉയരും. ഇതാദ്യമായാണ്‌ ഇത്രയധികം ഒഴിവുകള്‍ എയ്‌ഡഡ്‌ മേഖലയില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. നിലവില്‍ ഏതെങ്കിലും അധ്യാപകന്‍ വിരമിക്കുന്ന ഒഴിവിലേ നിയമനം നടത്താന്‍ കഴിയൂ. പാക്കേജിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെടുന്നത്‌ അധികതസ്‌തികയാണ്‌. 

അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കുമ്പോള്‍ ഈവര്‍ഷംതന്നെ ഇത്രയധികം ഒഴിവുകളുണ്ടാകും. അതോടൊപ്പം നിയമനവും നടത്താന്‍ മാനേജ്‌മെന്റുകള്‍ക്കു കഴിയും. പ്രൊട്ടക്ഷന്‍ കാലാവധിയായ 1997-നു ശേഷം നിയമിതരാകുകയും കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന്‌ തൊഴില്‍ നഷ്‌ടപ്പെടുകയും ചെയ്‌ത അയ്യായിരത്തോളം അധ്യാപകരാണുള്ളത്‌. അയ്യായിരത്തിനുമേല്‍ സംരക്ഷിത അധ്യാപകരുമുണ്ട്‌. ഇവരെ പുനര്‍നിയമിക്കാനാണ്‌ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഒഴിവുകളെല്ലാം മാനേജ്‌മെന്റുകള്‍ക്ക്‌ അടിയറവച്ചതോടെ തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ക്കു പുനര്‍നിയമനം നല്‍കാന്‍ കഴിയില്ല. 

തൊഴില്‍ നഷ്‌ടപ്പെട്ടവരേയും സംരക്ഷിത അധ്യാപകരേയും ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതോടെ കോഴവാങ്ങി നിയമിക്കപ്പെടുന്നവര്‍ക്കും ടീച്ചേഴ്‌സ് ബാങ്കിലുള്ളവര്‍ക്കും ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനാകും. അനുപാതം കുറയ്‌ക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കിലുള്ളവര്‍ക്കു നിയമനം നല്‍കിയിരുന്നെങ്കില്‍ പ്രതിമാസം കോടികളുടെ ഈ അധികബാധ്യത ഒഴിവാക്കാമായിരുന്നു. (മംഗളം )




0 comments:

Post a Comment

Related Posts Plugin for WordPress, Blogger...