Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
സര്‍ക്കാര്‍ കീഴടങ്ങി; അധ്യാപക ഒഴിവുകളില്‍ നിയമനം മാനേജ്‌മെന്റുകള്‍ക്കുതന്നെ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കുമ്പോള്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പുതുതായി സൃഷ്‌ടിക്കപ്പെടുന്ന അധ്യാപക തസ്‌തികകള്‍ മാനേജ്‌മെന്റുകള്‍ക്കു വിട്ടുകൊടുക്കും. കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന്‌ ജോലി നഷ്‌ടപ്പെട്ട ആയിരക്കണക്കിന്‌ അധ്യാപകര്‍ ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. കോടിക്കണക്കിനു രൂപയുടെ കോഴയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ ഇതോടെ കളമൊരുങ്ങി. കോഴയിലൂടെ നിയമിക്കുന്ന അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്നു പണംവാങ്ങി നല്‍കും. 


മുന്‍ധാരണയില്‍നിന്നു വ്യത്യസ്‌തമായാണ്‌ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ദ്രുതഗതിയില്‍ ഇങ്ങനെ തീരുമാനമെടുത്തത്‌. ഇക്കാര്യം ഇന്നലെ മാനേജ്‌മെന്റുകളുമായും അധ്യാപക സംഘടനകളുമായും നടന്ന ചര്‍ച്ചയില്‍ അറിയിക്കുകയും ചെയ്‌തു. 97നു ശേഷം തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകരേയും സംരക്ഷിത അധ്യാപകരേയും ഉള്‍പ്പെടുത്തി ടീച്ചേഴ്‌സ് ബാങ്ക്‌ രൂപീകരിക്കുമെന്നും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45ല്‍നിന്നു കുറയ്‌ക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന തസ്‌തികകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നിയമനം നടത്തുമെന്നുമാണു വിദ്യാഭ്യാസ പാക്കേജില്‍ പറഞ്ഞിരുന്നത്‌. 


തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഇതിലൂടെ പുനര്‍നിയമനം ലഭിക്കുമായിരുന്നു. ഒഴിവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നിയമനം നല്‍കും. നൂറുകണക്കിന്‌ അധ്യാപക തസ്‌തികകള്‍ പുതുതായി സൃഷ്‌ടിക്കപ്പെടുമ്പോള്‍ കോഴവാങ്ങി നിയമനം നടത്താനുള്ള അവസരം മാനേജ്‌മെന്റുകള്‍ക്കു നഷ്‌ടപ്പെടുമായിരുന്നു. 


ഇതേത്തുടര്‍ന്ന്‌ മാനേജ്‌മെന്റുകള്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണു കേന്ദ്രത്തില്‍നിന്നു പണം വാങ്ങുന്ന ദല്ലാള്‍ റോള്‍ സംസ്‌ഥാനസര്‍ക്കാര്‍ ഏറ്റെടുത്തത്‌. പുതിയ തീരുമാനം അനുസരിച്ച്‌, എയ്‌ഡഡ്‌ സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ എത്രയായാലും സര്‍ക്കാരിന്റെ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന്‌ ഒരാളെ മാത്രം നിയമിച്ചാല്‍ മതി. ബാക്കിയുള്ള തസ്‌തികകളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി മാനേജ്‌മെന്റുകള്‍ക്ക്‌ നിയമനം നടത്താം. 


അനുപാതം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഒരു സ്‌കൂളില്‍ ഒരു തസ്‌തിക മാത്രമേ സൃഷ്‌ടിക്കപ്പെടുന്നുള്ളൂവെങ്കില്‍ പ്രസ്‌തുത ഒഴിവില്‍ നിയമനം നടത്താനുള്ള അധികാരം തങ്ങള്‍ക്കു വേണമെന്നു മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്‌ത് അറിയിക്കും. 


എയ്‌ഡഡ്‌ സ്‌കൂളിലുണ്ടാകുന്ന ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന്‌ ഒരാളെ നിയമിക്കുന്നത്‌ സ്‌കൂള്‍ അടിസ്‌ഥാനമാക്കിയാകില്ല. ഒരു മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളില്‍ നിയമനം ലഭിച്ച അധ്യാപകനെ സീനിയോറിട്ടി അനുസരിച്ചാണ്‌ നിയമിക്കുക. മറ്റൊരു സ്‌കൂളിലാണു നിയമനമെങ്കില്‍ അതും വ്യവസ്‌ഥകള്‍ക്കു 


വിധേയമായിരിക്കും. പ്രസ്‌തുത അധ്യാപകനു നിയമനം ലഭിച്ച സ്‌കൂളില്‍ ഭാവിയില്‍ ഒഴിവുണ്ടായാല്‍ അദ്ദേഹം മാതൃസ്‌കൂളിലേക്കു തിരികെപോകണം. ഇങ്ങനെയുണ്ടാകുന്ന ഒഴിവില്‍ പിന്നീട്‌ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നിയമനം നടത്തില്ല. അതും മാനേജര്‍ക്ക്‌ അവകാശപ്പെട്ടതായിരിക്കും. 2010-11 ല്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ നടത്തിയ നിയമനവും സര്‍ക്കാര്‍ അംഗീകരിക്കും. 


ഈ അധ്യയന വര്‍ഷം വരെ നിയമനം ലഭിച്ച എല്ലാഅധ്യാപകര്‍ക്കും ശമ്പളം നല്‍കും. കഴിഞ്ഞ അധ്യയന വര്‍ഷം വരെയുള്ള നിയമനങ്ങള്‍ അംഗീകരിക്കുകയും ഈ വര്‍ഷത്തെ നിയമനം താല്‍ക്കാലികമായി തുടരുമെന്നുമാണു പാക്കേജില്‍ പറഞ്ഞിരുന്നത്‌. സംസ്‌ഥാനതലത്തില്‍ ടീച്ചേഴ്‌സ് ബാങ്ക്‌ രൂപീകരിക്കുന്നതിനു പകരം സബ്‌ജില്ലാ തലത്തിലാകും ടീച്ചേഴ്‌സ് ബാങ്ക്‌ രൂപീകരിക്കുക. കേന്ദ്രം നടപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ്‌ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചത്‌. ഇതിനായി കോടിക്കണക്കിനു രൂപയാണ്‌ കേന്ദ്രം നല്‍കുന്നത്‌. എയ്‌ഡഡ്‌ സ്‌കൂളുകളിലുണ്ടാവുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ 48 മണിക്കൂറിനുള്ളില്‍ അനുമതി നല്‍കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഈ സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ക്കു നിയമനം നടത്താം.


സര്‍ക്കാര്‍ സ്‌കൂളിലുണ്ടാകുന്ന ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നിയമനം നടത്തില്ലെന്നു സര്‍ക്കാര്‍ അധ്യാപക സംഘടനകളുടെ യോഗത്തില്‍ അറിയിച്ചു. 


ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ നിയമനങ്ങള്‍ക്കു തടസമുണ്ടാകില്ല. അനുപാതം കുറച്ചെങ്കിലും രണ്ടാമത്തെ ഡിവിഷന്‍ തുടങ്ങാന്‍ എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തിലും ഇന്നലെ തീരുമാനമുണ്ടായില്ല. (മംഗളം)


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...