Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
നിതിന്റെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്കും കഴിയും 

കളിച്ചും ചിരിച്ചും പൂമ്പാറ്റകള്‍ക്ക് പിറകേ ഓടിയും വഴുതിവീണ് കരഞ്ഞും മഴയില്‍ തിമിര്‍ത്തും പെയ്‌തൊഴുകേണ്ട അഞ്ചു വയസ്സിന്റെ ഇളംബാല്യത്തെ അസുഖത്തിന്റെ കെടാക്കനലുകള്‍ കത്തിത്തുടങ്ങിയാല്‍ വിധി എന്ന് വിളിച്ച് ദൈവത്തെ നമ്മള്‍ ശപിക്കും. ഇത് മറ്റാര്‍ക്കും വരുത്തിവെയ്ക്കല്ലേ എന്ന് നെഞ്ചുരുകും.

എല്ലാ കുട്ടികളേയും പോലെ ചെന്നൈയിലെ സത്യന്റെ മകന്‍ നിതിനും അഞ്ച് വയസ്സില്‍ ഇളംപ്രായത്തിന്റെ ഉല്‍സവങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പാടിയുണരും മുന്നേ വിധി ഒരു ചെറിയ പനിയായി നിതിനെ തേടി വന്നു. വെയില്‍ കൊണ്ട് വാടുന്ന ചേമ്പില പോലെ പനിയില്‍ ആ കുട്ടി തളര്‍ന്നു. ഒന്ന് എഴുന്നേറ്റ് ചിരിച്ച് കളിക്കുമ്പേഴേക്കും വീണ്ടും പനി വിറയ്ക്കും. കാരണമെന്തെന്ന് ഡോക്ടര്‍മാര്‍ക്കാര്‍ക്കും ആദ്യമൊന്നും മനസ്സിലായതേയില്ല. പല പല ടെസ്റ്റുകള്‍, ആശുപത്രികള്‍ ... അച്ഛന്റെ ആധിയുടെ മൗനം കാണും നേരം നിധിന് മനസ്സിലായിരിക്കണം, ഒന്നാനാം കൊച്ചുതുമ്പികളും വെയിലിന്റെ കുതിരവാലുകളും മഴയും എല്ലാം തന്നില്‍ നിന്ന് ഒളിച്ചുകളിതുടങ്ങിയെന്ന്. അവസാനം നിതിന്റെ പനിയെ ഡോക്ടര്‍മാര്‍ കണ്ടെടുക്കുന്നു: ബ്ലഡ് കാന്‍സര്‍ . 

തകര്‍ന്നുപോയത് അമ്മയും അച്ഛനും. ഞങ്ങള്‍ക്ക് തരാമായിരുന്നില്ലേ, എന്തിന് ഞങ്ങളുടെ പൊന്നുമോന്ന് ഈ വിധി തന്നൂ എന്ന് വിലപിച്ചൂ അവര്‍. വേദനയിലുരുകുമ്പോഴും നിര്‍ത്താതെ ചിരിക്കുന്ന അവന്റെ നിഷ്‌കളങ്കമുഖം കാണുന്തോറും അവരുടെ നെഞ്ച് പിടച്ചു. തളരുത്, അവന് വേണ്ടിയാണ് ജീവിതം, അങ്ങനെ വിട്ടുകൊടുക്കില്ല ഒന്നിനും ഏതിനും എന്ന ഉറപ്പ് അവരില്‍- ഉള്ളതെല്ലാം വിറ്റ് ചികില്‍സ നടത്തി.

പതിവു പോലെ കീമോതെറാപ്പി നടത്തി. നെഞ്ച് കീറുന്ന വേദനായാണ് കീമോ ചെയ്യുമ്പോള്‍. വേദനസംഹാരിയൊന്നും അന്നേരം പാടില്ല. ഇളംപ്രായത്തില്‍ ഒരായുസ്സിന്റെ വേദന മുഴുവന്‍ അനുഭവിക്കേണ്ടി വരിക... പിന്നെ ഇഞ്ചക്ഷനുകള്‍, ഡോസ് കൂടിയ മരുന്നുകള്‍- തളര്‍ന്നവശതയിലായാലും അവന്‍ ലോകത്തോട് ചിരിക്കും. അല്പം ഭേദമായാല്‍ വാശിപിടിച്ച് സ്‌കൂളില്‍ പോവും. കുട്ടികളോട് അവന്‍ കണ്ട മഴവില്ലിനെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും പറയും. അവനെ കൂടെക്കൂട്ടാതെ പോയ പാട്ടുകളേയും കഥകളേയും പൂമ്പാറ്റകളേയും കൂട്ടുകാരെ ക്കൊണ്ട് പറയിപ്പിച്ചും പാടിപ്പിച്ചും അവന്‍ നിര്‍ബന്ധിച്ച് കൂടെക്കൂട്ടും. അവന് ലോകത്തിന്റെ സ്‌നേഹം വേണമായിരുന്നൂ. 

മനസ്സിന്റെ ആകാശം ഒന്ന് തെളിഞ്ഞുവരുമ്പോള്‍ വീണ്ടും നിതിനെത്തേടി അത് വരും. 'അമ്മേ, പനിയ്ക്കുന്നൂ' എന്ന് ചിരിയോടെ പറഞ്ഞ് അവന്‍ കട്ടിലിലേക്ക് ചുരുണ്ട്കൂടുമ്പോള്‍ ഉള്ളിലെ നിലവിളി കടിച്ചമര്‍ത്തി അവര്‍ അവന്റെ കുറ്റിമുടിയില്‍ വിരലമര്‍ത്തി അവന് വേണ്ടി പാട്ടുകള്‍ മൂളും. 'മെഡിക്കല്‍ കേളേജില്‍ പോകാന്‍ നേരമായല്ലേ അമ്മേ' എന്നവന്റെ ചുണ്ടുകള്‍ വിറയ്ക്കുമ്പോള്‍ നെഞ്ചിന്റെ പൊള്ളുന്ന ചൂടില്‍ അവനെ ചേര്‍ത്ത് നിര്‍ത്തി അവര്‍ നിശബ്ദമായി കരയും. 

ഓരോ തവണ കീമോ ചെയ്ത് ആശുപത്രി വിടുമ്പോഴും ഇനി അത് വരില്ല എന്ന ഡോക്ടര്‍മാരുടെ ഉറപ്പിനെ കാലം കാറ്റിലേക്കെടുക്കും. 'ഈ രോഗം ഞങ്ങള്‍ക്ക് തരൂ, പകരം മകനെ വിട്ടുതരൂ' എന്ന അവരുടെ പ്രാര്‍ത്ഥന പാഴ്മരങ്ങളില്‍ ശൂന്യമായി. 

ഇപ്പോള്‍ നിതിന് പതിനഞ്ച് വയസ്സായി. കൊടിയവേദനയുടെ നീണ്ട പത്ത് വര്‍ഷങ്ങള്‍. തമിഴ്‌നാട് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോ.ബിജുജോര്‍ജ്ജിന്റെ ചികില്‍സയിലാണ് നിതിന്‍. അവന്റെ മജ്ജ മാറ്റി വെയ്ക്കണമെന്ന് ഡോക്ടര്‍ പറയുന്നു. ഇളയ അനിയത്തിയുടെ മജ്ജയാണ് പകരം. പക്ഷേ ചികില്‍സച്ചെലവാകട്ടെ 12 ലക്ഷം രൂപയും. പത്ത് വര്‍ഷത്തോളമുള്ള നിരന്തരചികില്‍സ സത്യന്റെ കുടുംബത്തെ തീരാക്കടത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. സത്യന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് കുറച്ച് തുക ഓപ്പറേഷനായി സ്വരൂപിച്ചിട്ടുണ്ട്. ബാക്കിതുക എങ്ങനെ എന്നറിയാതെ വിഷമിക്കുകയാണ് സത്യനും കുടുംബവും. 

നിതിന്റെ ചിരിക്കുന്ന മുഖം മരണത്തെ മായച്ചുകളയുന്നു. പത്ത് വര്‍ഷങ്ങള്‍ വേദനയുടെ അഗ്നികുണ്ഠത്തില്‍ തളരാതെ നില്ക്കുന്ന അവനെ നല്ല ജീവിതത്തിന്റെ സ്‌നേഹവഴികളിലേക്ക് കൈപിടിച്ച് കൊണ്ട് വരിക സത്യന്റെ കുടുംബത്തെ പോലെ നമ്മളുടേയും ഉത്തരവാദിത്വമാണ്. നിങ്ങളുടെ വീട്ടിലും അപ്പുറത്തുമായി ഉല്ലസിച്ച് നടക്കുന്ന ആയിരക്കണക്കിന് കുട്ടികളെപ്പോലെയാവേണ്ടവനായിരുന്നൂ നിതിനും, പക്ഷേ വിധിയുടെ ക്രൂരതകള്‍ കത്തുന്ന വേദന കൊണ്ട് അവനെ കളിപ്പിക്കുന്നു.

അവനെ നമുക്ക് തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ മക്കളെപ്പോലെ, അനിയനെപ്പോലെ അവനേയും കൂടെക്കൂട്ടാം. നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ കൊണ്ട് അവനെ ജീവിതത്തിന്റെ കരുണാര്‍ദ്രമായ ലോകത്തിലേക്ക് കൂട്ടുവിളിക്കാം. സഹായിക്കുമ്പോള്‍ നിങ്ങള്‍ സ്​പര്‍ശിക്കുന്നത് നിധിനെ മാത്രമല്ല, ദൈവത്തിന്റെ ഹൃദയത്തെക്കൂടിയാണ്.

സഹായങ്ങള്‍ :

P.Sathyan
Accoun number: 462470786
Indian Bank, Asok Nagar

Address: 
Sathyan P
19/9,Pillayar Kovil Street, Chennai
Manju Garden, 2nd Floor-C block
Nesapakkam
West KK Nagar, Chennai 78
ph: +919037507924

CMC Vellore Assocaition
Nithin, Patient No 715072B
The Treasurer,
Care Section,
CMC Hospital,
Vellore,
Tamilnadu,
India-632004

കടപ്പാട് -മാതൃഭൂമി

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...