Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
അച്ഛന്‍ ആസ്‌പത്രിയില്‍, മരുന്നിന് പണമില്ല; പൊതിച്ചോറുവാങ്ങാന്‍ കുട്ടികള്‍ കപ്പലണ്ടി വില്ക്കുന്നു


ഹരിപ്പാട്: കാലൊടിഞ്ഞ് കിടപ്പിലായ അച്ഛന് മരുന്നുംഭക്ഷണവും വാങ്ങാന്‍ കപ്പലണ്ടി വില്ക്കാനിറങ്ങിയ മക്കളെ ബാലഭിക്ഷാടനമെന്ന് സംശയിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചു. അച്ഛന്‍ ഹരിപ്പാട് ഗവ.ആസ്പത്രിയില്‍ ചികിത്സയിലാണെന്ന കുട്ടികളുടെ വാക്കുകള്‍ കേട്ടവര്‍ക്ക് ആദ്യം വിശ്വാസം വന്നില്ല. ഒടുവില്‍ കുട്ടികളെ പിന്തുടര്‍ന്ന് ആസ്പത്രിയിലെത്തിയവരുടെ കണ്ണുനിറഞ്ഞുപോയി. 


അടൂര്‍ തെങ്ങമം ലക്ഷംവീട് കോളനിയിലെ താമസക്കാരായിരുന്ന സുകുമാരന്‍ ശ്രീദേവി ദമ്പതിമാരുടെ മക്കളായ ശ്രീക്കുട്ടന്‍ (10), സുജിത്ത് (ആറ്) എന്നിവരാണ് ബുധനാഴ്ച രാവിലെമുതല്‍ നഗരത്തില്‍ കപ്പലണ്ടി വില്ക്കാനിറങ്ങിയത്. രാവിലെ ബസ്‌സ്റ്റേഷന് സമീപത്തെ കച്ചവടക്കാരനില്‍നിന്നാണ് ഇവര്‍ 10 രൂപയുടെ കപ്പലണ്ടി വാങ്ങിയത്. അച്ഛന് ഭക്ഷണവും മരുന്നും വാങ്ങാന്‍ ഈ കപ്പലണ്ടി ചെറിയപൊതികളിലാക്കി വില്ക്കുകയായിരുന്നു. കുട്ടികളുടെ കഷ്ടപ്പാട്കണ്ട് കച്ചവടക്കാരന്‍ കൂടുതല്‍ കപ്പലണ്ടി നല്‍കി. ഇത് വിറ്റുകിട്ടിയ പണംകൊണ്ട് ഉച്ചയ്ക്ക് ഇവര്‍ ഒരുപൊതിച്ചോറ് വാങ്ങി അച്ഛനമ്മമാര്‍ക്കൊപ്പം ആസ്പത്രിക്കിടക്കയിലിരുന്ന് കഴിച്ചു. 


കുട്ടികള്‍ അടൂര്‍ തോട്ടുവ എല്‍.പി.എസ്സിലാണ് കഴിഞ്ഞവര്‍ഷം പഠിച്ചിരുന്നത്. ശ്രീക്കുട്ടന്‍ മൂന്നിലും സുജിത്ത് ഒന്നാം ക്ലാസ്സിലും. ഇത്തവണ സ്‌കൂള്‍തുറക്കുന്നതിന് മുമ്പ് സുകുമാരന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വീയപുരം പായിപ്പാട്ട്എത്തി. ഇവിടെവള്ളപ്പുരയിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുട നന്നാക്കിയും ചെരിപ്പ് കുത്തിയുമാണ് സുകുമാരന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് ഇടതുകാല്‍ ഒടിഞ്ഞത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഒന്നരമാസത്തോളം ചികിത്സയില്‍ കഴിഞ്ഞു. ഈ സമയത്ത് ആസ്പത്രിയിലുണ്ടായിരുന്നവരുടെ സഹായം കൊണ്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് വണ്ടാനത്തുനിന്ന് ഡിസ്ചാര്‍ജ്‌വാങ്ങി ഹരിപ്പാട് ആസ്പത്രിയില്‍ വന്നത്. 

സുകുമാരന്റെ കാലിലെ പ്ലാസ്റ്റര്‍ ഇളകിയ നിലയിലാണ്. അസ്ഥി സ്ഥാനംമാറിയിട്ടുണ്ട്. ഇതിനാല്‍ ഓപ്പറേഷന്‍വേണം. താമസിച്ചിരുന്ന കോളനിയിലെ സ്ഥലംവിറ്റിട്ടാണ് ഇവര്‍ വീയപുരത്തു വന്നത്. കിടപ്പിടമില്ലാത്ത തനിക്ക് ഓപ്പറേഷന് ഗതിയില്ലെന്നാണ് സുകുമാരന്‍ പറയുന്നത്. സ്‌കൂളും പഠനവുമുപേക്ഷിച്ച് അച്ഛന്കൂട്ടിരിക്കുന്ന സുജിത്തിനും ശ്രീക്കുട്ടനും എത്രയുംവേഗം ഓപ്പറേഷന്‍ നടത്തി അച്ഛനെ സുഖപ്പെടുത്തണമെന്നാണ് ആഗ്രഹം (കടപ്പാട് -മാതൃഭൂമി )

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...