പള്ളിപ്പാട്-നിയമസഭ തെരഞ്ഞെടുപ്പിന് ഒരു നാള്‍മാത്രം ശേഷിക്കേ ഇന്ന് അഞ്ചുമണിയോടുകൂടി തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കും. ഇനി വീടുകയറിയുള്ള പ്രചരണത്തിനായിരിക്കും പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുക. ഓരോ മുന്നണിയും ബൂത്തടിസ്ഥാനത്തിലുള്ള കൂട്ടിക്കിഴിക്കലുകള്‍ നടത്തിയതിനുശേഷമായിരിക്കും നിശബ്ദ പ്രചരണത്തിനിറങ്ങുന്നത്. രമേശ് ചെന്നിത്തലക്കെതിരായ മത്സരം എന്ന നിലയില്‍ ഹരിപ്പാട് എല്ലാവരും ഉറ്റു നോക്കുമെന്നതിനാല്‍ രാഷ്ട്രീയമായി വളരെയേറെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ട്. മുമ്പ് മൂന്നു പ്രാവശ്യം ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളോട് തോറ്റിട്ടുള്ള രമേശിന് ഇക്കുറി ഭാഗ്യപരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും മുമ്പ് രണ്ടു പ്രാവശ്യം രമേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രാവശ്യം ഇവിടെ നിന്നും മന്ത്രി ആയിട്ടുമുണ്ട്. തുടക്കക്കാരനെന്ന നിലയില്‍ രമേശിന് ജയിച്ചുകയറാനായി. എന്നാല്‍ രണ്ടു പ്രാവശ്യവും ഭൂരിപക്ഷം 4000 വോട്ടില്‍ താഴെയായിരുന്നു. ഇന്ന് രമേശ് ചെന്നിത്തലയ്ക്ക് പഴയ ഇമേജ് വോട്ടര്‍മാര്‍ക്കിടയിലില്ല. ആദ്യകാല തെരഞ്ഞെടുപ്പില്‍ മണ്ണെണ്ണ വിളക്കിനുമുന്നിലിരുന്നു പഠിച്ചു വളര്‍ന്ന ഞാന്‍...എന്നു തുടങ്ങുന്ന രമേശിന്റെ പ്രസംഗം സാധാരണക്കാര്‍ക്കിടയില്‍ രമേശിന് അനുകൂലമായ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ രമേശ് ചെന്നിത്തലയ്ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച വോട്ടര്‍മാര്‍ക്കിടയില്‍ സംശയത്തിനിടനല്‍കിയിട്ടുണ്ട്. പഴയ അനുഭാവമൊന്നും മണ്ഡലത്തില്‍ കാണാനില്ല. പരമ്പരാഗതമായ വോട്ടര്‍മാര്‍ക്കിടയിലും പഴയ ആവേശമൊന്നും ദൃശ്യമല്ല. പള്ളിപ്പാട്, ചേപ്പാട് പഞ്ചായത്തുകളില്‍ മുന്‍തൂക്കം കാണാനാവുന്നുണ്ടെങ്കിലും മറ്റു പഞ്ചായത്തുകളില്‍ രമേശിന് പ്രകടമായ മുന്‍തൂക്കം കാണാനാവുന്നില്ല.പിന്നീട് ഇത്തിരി അനുഭാവം പ്രകടമായിട്ടുള്ളത് കരുവാറ്റമാത്രമാണ്. കുമാരപുരത്ത് രമേശിന്റെ പോസ്റ്ററുകള്‍പോലും പരിമിതമാണ്. കൃഷ്ണപ്രസാദും രമേശ് ചെന്നിത്തലയും ഒരേ സമുദായത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ സാമുദായിക ധ്രുവീകരണം പ്രതീക്ഷിക്കാനാവാത്തതും രമേശ് ചെന്നിത്തലയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ മുഖ്യശത്രുവായിക്കാണുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രാദേശികമായി സഭ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്. സഭയ്ക്ക് സ്വാധീനമുള്ള പള്ളിപ്പാട്,കാര്‍ത്തികപ്പള്ളി ,ചേപ്പാട്,കരുവാറ്റ എന്നിവിടങ്ങളിലെ വോട്ടുകള്‍ എങ്ങനെ മറിയുന്നുവെന്നത് രമേശിന്റെ വിജയത്തെ സ്വാധീനിക്കും. സഭ ഇവിടെ ശക്തി തെളിയിക്കാന്‍ശ്രമിച്ചാല്‍ അത് രമേശിന്റെ പരാജയത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രമേശ് ഇവിടെ വിജയിച്ചാല്‍ സഭയുടെ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഭയ്ക്ക് കുഞ്ഞാടുകളുടെ മേല്‍ യാതൊരു സ്വാധീനവുമില്ലായെന്ന് വിലയിരുത്തപ്പെടും. ഓര്‍ത്തഡോക്സ് സഭയേസംബന്ധിച്ച് ഇതൊരു അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്.
0 comments:
Post a Comment