പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
നടുവട്ടം-വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ചിറങ്ങിയ സ്കൂളിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി.വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ചുവടുകള്‍ വെച്ചുതുടങ്ങിയ പഴയവിദ്യാലത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ ഒരുവട്ടം കൂടിയെന്‍ പഴയവിദ്യാലയതിരുമുറ്റത്തെത്തുവാന്‍മോഹം.ഒ.എന്‍.വിയുടെ കവിത മൈക്കിലൂടെ ഒഴുകിയെത്തുന്നു. പലരും സ്കൂള്‍ നടന്നുകണ്ടു.സ്കൂളിനുണ്ടായ മാറ്റത്തെ നേരിട്ടറിഞ്ഞു. മുമ്പുണ്ടായിരുന്നതില്‍ നിന്നും സ്കൂളിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.പലരും അഭിപ്രായപ്പെട്ടു. പഴയമാവും അതിനുതാഴെ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് പലരും തങ്ങളുടെ സഹപാഠികളുമായി ഓര്‍മ്മകള്‍ പങ്കുവെച്ചു. ഇതിനിടെ അവിടെ പഠിപ്പിച്ചിരുന്ന പല അദ്ധ്യാപകരും എത്തിച്ചേര്‍ന്നു. പഴയ തലമുറയില്‍പ്പെട്ടവരുടെ പങ്കാളിത്തം കുറവായിരുന്നു. അറിയാന്‍ കഴിഞ്ഞില്ലെന്ന പരാതി പലര്‍ക്കുമുണ്ടായി. പുതുതലമുറക്കാരായിരുന്നു ഏറെപ്പേരും. തന്നായി എന്നുള്ള അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്ന കരിംസാര്‍ ആയിരുന്നു യോഗം ഉദ്ഘാടനം ചെയ്തത്.അദ്ദേഹം തന്റെ വിദ്യാലയാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.സ്കൂളിലെ കുട്ടികളുടെ സൃഷ്ടികളും എന്താണ് ഈ വിദ്യാലയത്തില്‍ നടക്കുന്നത് എന്നത് പൊതുജനങ്ങളെ അറിയിക്കാനും ഉദ്ദേശിച്ചുകൊണ്ട് പി.ടി.എ പുറത്തിറക്കിയ മികവ്ജേര്‍ണലിന്റെ പ്രകാശനം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഡ്വ.ശങ്കരന്‍ നമ്പൂതിരിക്ക് നല്‍കിക്കൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്ന ഗോവിന്ദന്‍ ആചാരി സാര്‍ നിര്‍വ്വഹിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിനു മാറ്റുകൂട്ടി. അദ്ധ്യാപകര്ക്കൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തങ്ങളുടെ വിദ്യാലയാനുഭവങ്ങള്‍ പങ്കുവെച്ചു.ചിലര്‍ തങ്ങള്‍ക്കൊപ്പം പഠിച്ച സഹപാഠികളെയോര്‍ത്ത് നെടുവീര്‍പ്പിട്ടു. തെരഞ്ഞെടുപ്പ് രംഗത്തു നിന്നുപോലും ചിലര്‍ ഓടിയെത്തി.പലര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒരനുഭവമായി മാറി. ഇനിയൊരിക്കല്‍ ഇതിനേക്കാള്‍ വിപുലമായി കൂടണമെന്ന ആഗ്രഹത്തോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സമാപിച്ചു.


0 comments:
Post a Comment