1

ഹരിപ്പാട്: മാരകായുധങ്ങളുമായി ഹരിപ്പാട്ട് ചൊവ്വാഴ്ച പിടിയിലായ അഞ്ചംഗ ക്വട്ടേഷന്‍സംഘമെത്തിയത് കുടിപ്പക തീര്‍ക്കാന്‍. എതിര്‍ചേരിയിലെ ക്വട്ടേഷന്‍സംഘത്തലവനെ വകവരുത്താന്‍ വാടകയ്‌ക്കെടുത്ത കാറില്‍ എയര്‍പിസ്റ്റള്‍, വടിവാള്‍, ഗൂര്‍ഖാകത്തി എന്നിവയുമായി കാറില്‍ പള്ളിപ്പാട്ടെ ഇടറോഡുകളിലൂടെ ചൊവ്വാഴ്ച ഉച്ചമുതല്‍ കറങ്ങുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ഈ വിവരമറിഞ്ഞ് എസ്.ഐ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലെ പോലീസ്‌സംഘവും ഹരിപ്പാട്ടെ ഫ്‌ളൈയിങ് സ്‌ക്വാഡും രണ്ടായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയാണുണ്ടായത്. ഇതിനിടെയാണ് അരണപ്പുറത്ത് ക്വട്ടേഷന്‍സംഘം പോലീസിനു മുന്നില്‍പ്പെട്ടത്. കാറുപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് മല്‍പ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. ഇവര്‍ അന്വേഷണിച്ചുനടന്ന ക്വട്ടേഷന്‍സംഘത്തലവന്റെ അനുയായികള്‍തന്നെയാണ് കാറിന്റെ നമ്പര്‍സഹിതം പോലീസിനെ വിവരമറിയിച്ചതെന്ന് സൂചനയുണ്ട്.
മാന്നാര്‍ കുട്ടമ്പേരൂര്‍ സുധീഷ് ഭവനില്‍ സുധീഷ്‌കുമാര്‍ (34), പള്ളിപ്പാട് നടുവട്ടം പുത്തന്‍കണ്ടത്തില്‍ ജയകൃഷ്ണന്‍ (ജയന്‍-29), പള്ളിപ്പാട് തെക്കേക്കര കിഴക്ക് പുത്തന്‍വീട്ടില്‍ രതീഷ് (28), മാന്നാര്‍ കുട്ടമ്പേരൂര്‍ കയ്യാലത്തറയില്‍ അനിരുദ്ധന്‍ (40), കുട്ടമ്പേരൂര്‍ സുരേഷ്ഭവനം സുരേഷ്‌കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ജയകൃഷ്ണന്‍ പിടിച്ചുപറിക്കേസില്‍ രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. ജയകൃഷ്ണന്‍, സുധീഷ്‌കുമാര്‍, രതീഷ് എന്നിവര്‍ രാമങ്കരി, പുളിക്കീഴ്, കരീലക്കുളങ്ങര സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളാണ്.
ക്വട്ടേഷന്‍സംഘം യാത്രചെയ്ത കെ.എല്‍.30 എ. 4329 നമ്പരുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വാടകയ്‌ക്കെടുത്താണ് സംഘം യാത്രചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ സുഹൃത്തായ പ്രകാശനെ മാന്നാര്‍ കേന്ദ്രമാക്കി നപ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍സംഘം കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കരീലക്കുളങ്ങര സ്റ്റേഷനില്‍ കേസുണ്ട്. എന്നാല്‍ പ്രതികളെ കണ്ടാലറിയില്ലെന്നാണ് മര്‍ദനമേറ്റയാള്‍ പോലീസിന് മൊഴി നല്കിയിരിക്കുന്നത്. ആക്രമിച്ചവരെ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാനാണ് പോലീസില്‍നിന്ന് പ്രതികളുടെ പേരുവിവരം മറച്ചുവച്ചതെന്ന് സംശയിക്കുന്നു. ഈ കേസിലെ പ്രധാന പ്രതി പള്ളിപ്പാട്ട് ഒളിവില്‍ താമസിക്കുന്നതറിഞ്ഞാണ് പിടിയിലായവര്‍ മാരകായുധങ്ങളുമായി വന്നതെന്ന് പോലീസ് പറഞ്ഞു.
ഒന്നരമീറ്റര്‍ നീളമുള്ള വടിവാള്‍, മൂര്‍ച്ചയേറിയ ഗൂര്‍ഖാകത്തി എന്നിവയുള്‍പ്പെടെ നാല് കത്തികള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു. സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമണത്തിനിറങ്ങിയതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ ക്വട്ടേഷന്‍സംഘത്തിന്റെ തലവന്‍ മാന്നാര്‍ കുട്ടമ്പേരൂര്‍ സുധീഷ്ഭവനില്‍ സധീഷ്‌കുമാറാണെന്ന് പോലീസ് പറഞ്ഞു. ഇയാളെപ്പോലെ സംഘബലവും ആയുധബലവുമുള്ള മറ്റൊരു ക്വട്ടേഷന്‍സംഘവും മാന്നാറിലുണ്ട്. ഇരുസംഘവും തമ്മില്‍ ആക്രമണം പതിവാണ്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഒരാള്‍ക്ക് മര്‍ദനമേറ്റത്.പ്രതികളെ ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി. എസ്.ഐ. ജോസ് മാത്യുവിനൊപ്പം ജൂനിയര്‍ എസ്.ഐ. വി.കെ. സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എച്ച്. നിസാമുദ്ദീന്‍, വി.പി. ശ്രീനിവാസ്, സിവില്‍ പോലീസ് ഓഫീസര്‍ നവാസ്, മാനുവല്‍, ഹോംഗാര്‍ഡ് അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.
0 comments:
Post a Comment