Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഒന്നരക്കോടിയോളം ചെലവഴിച്ചിട്ടും ഹരിപ്പാട് ആസ്‌പത്രിയില്‍ ചികിത്സാക്ഷാമം




ഹരിപ്പാട്: ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് കെട്ടിടങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും ലഭ്യമാക്കിയ ആസ്​പത്രിയില്‍ രോഗികള്‍ക്ക് വേണ്ട ചികിത്സ ലഭിക്കുന്നില്ല. 20 ഡോക്ടര്‍മാരുടെ തസ്തികകളുള്ള ഇവിടെ പ്രധാനപ്പെട്ട ഒന്‍പത് വിഭാഗത്തിലും ഡോക്ടറില്ല. ഇതുമൂലം രോഗികള്‍ക്ക് ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിവരുന്നു.


മൂന്ന് ഫിസിഷ്യന്മാരാണ് ഹരിപ്പാട്ട് വേണ്ടത്. എന്നാല്‍ ഒരാള്‍പോലും ഇവിടെയില്ല. സര്‍ജന്‍, ശിശുരോഗവിദഗ്ധന്‍, ഗൈനക്കോളജിസ്റ്റ്, ത്വക്ക് രോഗ വിദഗ്ധന്‍ തസ്തികകളിലും ഡോക്ടര്‍മാരില്ല. ആസ്​പത്രി സൂപ്രണ്ടുമില്ല. സര്‍ജനില്ലാത്തതിനാല്‍ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചിട്ടിരിക്കുന്നു.


ദേശീയപാതയില്‍ വാഹന അപകടങ്ങള്‍ ഏറ്റവുമധികമുണ്ടാകുന്നത് കരുവാറ്റയ്ക്കും കായംകുളത്തിനും മധ്യേയാണ്. ഇവിടെ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനാണ് അപകട ചികിത്സാവിഭാഗം തുറന്നത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഇവിടേക്ക് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചില്ല.


നാല് ഡോക്ടര്‍മാരാണ് അപകട ചികിത്സാ വിഭാഗത്തിന് മാത്രമായി വേണ്ടത്. പോര്‍ട്ടബിള്‍ എക്‌സറേ, ഇ.സി.ജി, തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. എന്നാല്‍, ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ആയിരത്തിലധികം രോഗികളാണ് ദിവസം തോറും ഇവിടെ ചികിത്സ തേടിയെത്തുന്നത്.


ആസ്​പത്രി വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലായി നടത്തിയ ഉദ്ഘാടനങ്ങളുടെ നാല് ശിലാഫലകങ്ങള്‍ മാത്രമാണ് ഇവിടെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നതിന്റെ തെളിവ്.


അപകടചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം മെയ് 17ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിര്‍വഹിച്ചതിന്റെ ശിലാഫലകമാണ് ഇതില്‍ ഏറ്റവും വലുത്. തൊട്ടടുത്ത് ഓപ്പറേഷന്‍ തീയറ്ററിനായി മുന്‍ എം.എല്‍.എ. ടി.കെ.ദേവകുമാര്‍ തറക്കല്ലിട്ടതിന്റെ ഫലകവുമുണ്ട്. 2002 മാര്‍ച്ച് 23നായിരുന്നു ഈ ചടങ്ങ്. ഓപ്പറേഷന്‍ തീയറ്ററിന്റെയും ലേബര്‍ റൂം കോംപ്ലക്‌സിന്റെയും ഉദ്ഘാടനം മുന്‍ ആരോഗ്യ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചതിന്റെയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ പേര് കൊത്തിയ മറ്റൊരു ശിലാഫലകവും ഇവിടെയുണ്ട്. ഈ നാല് ശിലാഫലകങ്ങള്‍ പതിപ്പിച്ച കെട്ടിടത്തിനുള്ളില്‍, ആധുനിക സംവിധാനങ്ങളോടുകൂടിയ അപകട ചികിത്സാ വിഭാഗത്തിന്റെ ഉപകരണങ്ങള്‍ പൊടിപിടിച്ച് കിടക്കുന്നു. എട്ടു മാസം മുമ്പ് എത്തിച്ച ഉപകരണങ്ങളാണ് നശിക്കുന്നത്. ആസ്​പത്രിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരങ്ങള്‍ നടത്തിയിട്ടും ആരോഗ്യവകുപ്പ് നടപടിയെടുത്തിട്ടില്ല.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...