ഹരിപ്പാട്ട് തൈപ്പൂയക്കാവടിയാട്ടം ഇന്ന്
ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടിയാട്ടം വ്യാഴാഴ്ച നടക്കും. ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുള്ളഅന്‍പതോളം ക്ഷേത്രങ്ങളില്‍നിന്നായി 10,000ല്‍ അധികം കാവടിസ്വാമിമാരാണ് ഇത്തവണ തൈപ്പൂയത്തിന് ആടിവരുന്നത്. കാവടിസ്വാമിമാര്‍ ആചാരപ്രകാരം വ്രതമെടുത്ത്തൈപ്പൂയനാളിനായി കാത്തിരിക്കുകയാണ്.ബുധനാഴ്ച വൈകുന്നേരം കാവടിസ്വാമിമാര്‍ താളമേളങ്ങളോടെ സുബ്രഹ്മണ്യസ്വാമി ദര്‍ശനത്തിനെത്തും. ഇതിനുശേഷം, കാവടി നിറയ്ക്കുന്ന ക്ഷേത്രങ്ങളിലേക്കാണ് സ്വാമിമാര്‍ മടങ്ങുക. രാത്രിയില്‍ ഹിഡുംബന്‍പൂജയ്ക്കുശേഷം കാവടി നിറയ്ക്കും. വ്യാഴാഴ്ച പുലര്‍ച്ചെമുതല്‍ കാവടിസ്വാമിമാര്‍ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് തിരിക്കും. കാവടിയില്‍ നിറച്ചുകൊണ്ടുവരുന്ന ദ്രവ്യങ്ങള്‍ ക്ഷേത്രത്തില്‍ അഭിഷേകം ചെയ്യുന്നതോടെയാണ് കാവടിവ്രതം പൂര്‍ണമാകുന്നത്.ആഞ്ഞിലിത്തടിയില്‍ നിര്‍മിക്കുന്ന ചട്ടത്തില്‍ മയില്‍പ്പീലി കെട്ടി അലങ്കരിച്ചാണ് കാവടി ഒരുക്കുന്നത്. പീലിക്കാവടി, അറുമുഖകാവടി, ഇരട്ടക്കാവടി, ജീവതയുടെ ആകൃതിയില്‍ തയ്യാറാക്കുന്ന ജീവതക്കാവടി എന്നിവയാണ് ഭക്തര്‍ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. കാവടിയുടെ തണ്ടിലാണ് ദ്രവ്യങ്ങള്‍ നിറച്ചുവയ്ക്കുന്നത്.എള്ളെണ്ണ, നെയ്യ്, പശുവിന്‍പാല്‍, തേന്‍, ശര്‍ക്കര, പനിനീര്‍, ചെങ്കരിക്കിന്‍നീര്‍, ഭസ്മം, കുങ്കുമം, പൂവ്, പഞ്ചാമൃതം, കളഭം എന്നീ ദ്രവ്യങ്ങളാണ് ഭക്തര്‍ കാവടിയില്‍ നിറയ്ക്കുന്നത്.(കടപ്പാട് - മാതൃഭൂമി)

0 comments:
Post a Comment