ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 2 . 26 കോടി രൂപ
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 2.26 കോടി രൂപ.. 2007 ഏപ്രില്‍ മുതല്‍ 2010 ഏപ്രില്‍ വരെയുള്ള മൂന്നുവര്‍ഷം 21 വിദേശയാത്രകളാണ് അദ്ദേഹം നടത്തിയത്. ഭൂരിഭാഗം യാത്രകളിലും ഭാര്യ നിര്‍മല ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വിദേശയാത്രയ്ക്കായി വിമാനക്കൂലിയും ദിനബത്തയും മറ്റുമുള്‍പ്പെടെയാണ് 2.26 കോടി രൂപ ചെലവഴിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ 2,26,41,138 രൂപ. ഭാരതസര്‍ക്കാറിന് നേരിട്ട് ബന്ധമില്ലാത്തതും വിദേശരാജ്യങ്ങളിലെ സര്‍വകലാശാലകളും മറ്റ് ഏജന്‍സികളും സംഘടിപ്പിച്ചതുമായ പരിപാടികളിലും ചീഫ് ജസ്റ്റിസ് പങ്കെടുത്തിട്ടുണ്ട്. നാലുമുതല്‍ 21 വരെ ദിവസം നീളുന്ന വിദേശയാത്രകളാണ് ചീഫ് ജസ്റ്റിസ് നടത്തിയിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആസഫലിക്ക് സുപ്രീം കോടതി അഡീ. രജിസ്ട്രാറും കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ രാജ്പാല്‍ അറോറ നല്‍കിയതാണ് ഈ വിവരങ്ങള്‍.ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം 2007 ഏപ്രില്‍ 28ന് ദുബായ് വഴി ലണ്ടനിലേക്കാണ് കെ.ജി.ബാലകൃഷ്ണന്റെ ആദ്യത്തെ വിദേശയാത്ര. ലണ്ടനില്‍ നടന്ന ലോക കോമണ്‍ ലോ ജുഡീഷ്യറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് പോയത്. മെയ് ആറിന് തിരിച്ചെത്തി. ചീഫ് ജസ്റ്റിസിനുമാത്രം വിമാനക്കൂലി 1,73,828 രൂപയും ദിനബത്ത 22,316 രൂപയുമാണ് ചെലവ്. ജൂണില്‍ രണ്ട് വിദേശയാത്രകളാണ് നടത്തിയത്. ഡല്‍ഹിയില്‍നിന്ന് കൊച്ചി, ചെന്നൈ, സിംഗപ്പൂര്‍ വഴി ഹോങ്‌കോങ്ങിലേക്കായിരുന്നു 15 ദിവസം നീണ്ടയാത്ര. ജൂണ്‍ ഒന്നിന് പോയി 15നാണ് തിരിച്ചെത്തിയത്. ജൂണ്‍ നാലുമുതല്‍ എട്ടുവരെ ഹോങ്‌കോങ്ങില്‍ നടന്ന 'ലോ ഏഷ്യ' ദൈ്വ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഏഷ്യ-പസഫിക് മേഖലയിലെ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. സമ്മേളനം ജൂണ്‍ എട്ടിന് കഴിഞ്ഞെങ്കിലും ജൂണ്‍ 15നാണ് ചീഫ് ജസ്റ്റിസ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. 3,61,995 രൂപയാണ് വിമാനക്കൂലി. ദിനബത്തയിനത്തില്‍ 16,884 രൂപയും കൈപ്പറ്റി. ജൂണ്‍ 24ന് ലണ്ടനിലേക്കാണ് ആ മാസത്തെ രണ്ടാമത്തെ യാത്ര. 30ന് തിരിച്ചെത്തി. ലിങ്കണ്‍സ് ഇന്നില്‍ പ്രഭാഷണത്തിനും മറ്റു പരിപാടികളില്‍ പങ്കെടുക്കാനുമായാണ് പോയത്. വിമാനക്കൂലിയിനത്തില്‍ 3,46,286 രൂപയാണ് ചെലവ്. ദിനബത്തയിനത്തില്‍ 18,415 രൂപ കൈപ്പറ്റി.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ 2007 ആഗസ്ത് 27 മുതല്‍ 29 വരെ നടന്ന ഐ.എല്‍.എ. മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 11 ദിവസത്തെ യാത്രയാണ് നടത്തിയത്. ഡല്‍ഹിയില്‍നിന്ന് ആഗസ്ത് 24ന് പുറപ്പെട്ട് ദുബായ്, ജൊഹന്നാസ്ബര്‍ഗ്, നെല്സ്പ്രൂയ്റ്റ്, കേപ്ടൗണ്‍, ജൊഹന്നാസ്ബര്‍ഗ്, വിക്ടോറിയ ഫാള്‍സ്, ജൊഹന്നാസ്ബര്‍ഗ്, ദുബായ് വഴി സപ്തംബര്‍ നാലിന് ഡല്‍ഹിയില്‍ തിരിച്ചെത്തി. വിമാനക്കൂലി 2,85,288 രൂപയും ദിനബത്ത 25,202 രൂപയുമാണ്.
2008 മെയ് 18 മുതല്‍ ജൂണ്‍ എട്ടുവരെയാണ് ഏറ്റവും നീണ്ട വിദേശയാത്ര നടത്തിയത്. കാനഡയിലെ ഒട്ടാവ, ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍, കേപ്ടൗണ്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്കാണ് പോയത്. വിമാനക്കൂലിയിനത്തില്‍ 5,98,928 രൂപയാണ് ചെലവ്. ദിനബത്ത 43,849 രൂപയും 2010 ഏപ്രില്‍ 13ന് ബലാറസിലെ മിന്‍സ്‌കിലേക്കാണ് ഏറ്റവുമൊടുവില്‍ യാത്രനടത്തിയത്. ഏപ്രില്‍ 13ന് പോയി 18ന് തിരിച്ചെത്തി. 1,33,826 രൂപയാണ് വിമാനക്കൂലി. ഫലത്തില്‍ എല്ലാ ഭൂഖണ്ഡങ്ങളിലെയും പ്രധാന രാജ്യങ്ങളൊക്കെ മൂന്ന് വര്‍ഷത്തിനിടെ ചീഫ് ജസ്റ്റിസ് സന്ദര്‍ശിച്ചുവെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
0 comments:
Post a Comment