ജീവപര്യന്തംതടവുശിക്ഷവിധിച്ചത് മുഴുവന്‍ തെളിവുകളും പരിശോധിക്കാതെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്.
ന്യൂഡല്‍ഹി: മാവോവാദികളുമായി ചേര്‍ന്ന് രാജ്യദ്രോഹക്കുറ്റ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ പ്രമുഖ പൗരാവകാശപ്രവര്‍ത്തകന്‍ ബിനായക് സെന്നിന് റായ്പുര്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് മുഴുവന്‍ തെളിവുകളും പരിശോധിക്കാതെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പല നിയമങ്ങളും ആരെയും കുറ്റക്കാരനാക്കാന്‍ തക്കവിധം അപൂര്‍ണമാണ്. അവയെ പുന:പരിശോധിക്കണം- റോയ് പറഞ്ഞു. ബിനായക് സെന്നിനൊപ്പം നക്‌സല്‍സൈദ്ധാന്തികനായ നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസ്സുകാരനായ പിയൂഷ് ഗുഹ എന്നിവര്‍ക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്. കനത്ത സുരക്ഷാസന്നാഹത്തിനിടെ റായ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി.പി. വര്‍മയാണ് വിധി പറഞ്ഞത്.
അറുപതുകാരനായ ബിനായക്‌സെന്‍ പീപ്പിള്‍സ് യൂനിയന്‍ ഓഫ് ലിബര്‍ട്ടീസ് വൈസ് പ്രസിഡന്‍റും ശിശുരോഗ വിദഗ്ധനുമാണ്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നാരായണ്‍ സന്യാലിന്റെ സന്ദേശവാഹകനായി മാവോവാദികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് സെന്നിനെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്. 2007 മെയ് 14-ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സെന്നിന് രണ്ടു വര്‍ഷത്തിനുശേഷം സുപ്രീംകോടതിയാണ് ജാമ്യം നല്കിയത്.
നാരായണ്‍ സന്യാലിനെ ആന്ധ്രയിലെ ഖമ്മത്തുനിന്ന് 2006 ജനവരിയിലാണ് അറസ്റ്റ് ചെയ്തത്. പിയൂഷ് ഗുഹ 2007-ലും പിടിയിലായി. മാവോവാദി ശൃംഖല സ്ഥാപിക്കാന്‍ സഹായിച്ചെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. കേസിന്റെ വിധി അറിയാന്‍ ബിനായക് സെന്നിന്റെ കുടുംബാംഗങ്ങളും കുറെ പൗരാവകാശപ്രവര്‍ത്തകരും കോടതിയിലെത്തിയിരുന്നു. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ലെന്ന് സെന്നിന്റെ അഭിഭാഷകനായ മഹേന്ദ്ര ദുബെ പറഞ്ഞു.കോടതിവിധി നടുക്കുന്നതാണെന്ന് ബിനായക് സെന്നിന്റെ ഭാര്യ എലീന സെന്‍ പറഞ്ഞു. ''ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ദിനമാണിന്ന്. പാവപ്പെട്ടവരുടെയും ആദിവാസികളുടെയും ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് എന്റെ ഭര്‍ത്താവ് പ്രവര്‍ത്തിച്ചത്. അത് രാജ്യദ്രോഹമാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കും''- അവര്‍ പറഞ്ഞു.
0 comments:
Post a Comment