Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഹരിപ്പാട് ആസ്‌പത്രിയില്‍ നേത്രശസ്ത്രക്രിയകള്‍ 
മുന്നറിയിപ്പില്ലാതെ നിര്‍ത്തി


ഹരിപ്പാട്: ഗവ. ആസ്​പത്രിയില്‍ നേത്രശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. അപകടചികിത്സാ വിഭാഗത്തില്‍ അടഞ്ഞുകിടന്നിരുന്ന ഓപ്പറേഷന്‍ തിയേറ്ററില്‍, കഴിഞ്ഞ ഒക്ടോബര്‍മുതല്‍ നേത്രശസ്ത്രക്രിയകള്‍ നടന്നുവരികയാണ്. ഇതിനിടെ മാര്‍ച്ച് മൂന്നുമുതല്‍ മുന്നറിയിപ്പില്ലാതെ ശസ്ത്രക്രിയകള്‍ നിര്‍ത്തുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗികളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ്.


അത്യാധുനിക സൗകര്യങ്ങളുള്ള അപകടചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം ഒന്നരവര്‍ഷം മുമ്പാണ് നടന്നത്. എന്നാല്‍, ഡോക്ടര്‍മാരെയും അനുബന്ധജീവനക്കാരെയും നിയമിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. ഇതേത്തുടര്‍ന്ന് അടഞ്ഞുകിടന്ന ഓപ്പറേഷന്‍ തിയേറ്ററാണ് നേത്രശസ്ത്രക്രിയകള്‍ക്കായി ഉപയോഗിച്ചിരുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇവിടെ ശസ്ത്രക്രിയകള്‍ നടന്നുവരികയായിരുന്നു. ഒരുദിവസം അഞ്ചുമുതല്‍ 10 പേര്‍വരെ ഇവിടെ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നുണ്ടായിരുന്നു.


ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടുന്നതിനെക്കാള്‍ നല്ലത്, ഉപയോഗിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ തിയേറ്റര്‍ വൃത്തിയായി സൂക്ഷിക്കും. ഇതിനാല്‍ അണുബാധപോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാകും. തിയേറ്റര്‍ തുടര്‍ച്ചയായി അടച്ചിട്ടാല്‍ പിന്നീട് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാകുന്ന വിധത്തില്‍ അണുബാധയുണ്ടാകും.


അപകടചികിത്സാ വിഭാഗത്തില്‍നിന്ന് നേത്രശസ്ത്രക്രിയകള്‍, മറ്റൊരു മുറിയിലേക്ക് മാറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിനുള്ള ജോലി അടുത്ത ദിവസം ആരംഭിക്കും. രണ്ടാഴ്ചയ്ക്കുശേഷം ശസ്ത്രക്രിയകള്‍ പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ അപകടചികിത്സാ വിഭാഗത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ നേത്രചികിത്സയ്ക്ക് ഉപയോഗപ്പെടുത്തുന്നതിലെ തടസ്സമെന്താണെന്ന് അധികൃതര്‍ വിശദീകരിക്കുന്നില്ല.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...